03:12am 25 August 2026
NEWS
ഷെറിൻ അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞത് വിഐപി പരി​ഗണനയോടെയെന്ന് വെളിപ്പെടുത്തൽ
07/02/2025  04:56 PM IST
nila
ഷെറിൻ അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞത് വിഐപി പരി​ഗണനയോടെയെന്ന് വെളിപ്പെടുത്തൽ

തൃശ്ശൂർ: ചെറിയനാട് ഭാസ്‌കരകാരണവർ വധക്കേസിലെ ഒന്നാംപ്രതി ഷെറിൻ അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞത് വിഐപി പരി​ഗണനയോടെയെന്ന് വെളിപ്പെടുത്തൽ. ഷെറിനൊപ്പം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഉണ്ടായിരുന്ന തൃശ്ശൂർ സ്വദേശിനി സുനിതയാണ് സംസ്ഥാനത്തെ ജയിലിൽ നടക്കുന്ന വഴിവിട്ട പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 2013-ന് ശേഷമുള്ള കാലയളവിലാണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലിൽ ഒരുമിച്ചുണ്ടായിരുന്നത്. 

ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈൽഫോണും ഉൾപ്പെടെ പലസൗകര്യങ്ങളും ലഭിച്ചിരുന്നതായാണ് ഷെറിന്റെ തൊട്ടടുത്ത സെല്ലിലെ തടവുകാരിയായിരുന്ന സുനിതയുടെ വെളിപ്പെടുത്തൽ. പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലിൽനിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവർ തിരികെവരാറുള്ളതെന്നും സുനിത പറയുന്നു. ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭായോഗം ശുപാർശ ചെയ്തതിന് പിന്നാലെയാണ് സുനിത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

സുനിതയുടെ വെളിപ്പെടുത്തൽ ഇങ്ങനെ..

''ഷെറിന് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കേണ്ട. മൂന്നുനേരവും അവർ പറയുന്ന ഭക്ഷണം ജയിൽ ജീവനക്കാർ പുറത്തുനിന്ന് വാങ്ങിനൽകും. സ്വന്തം മൊബൈൽഫോണും ഉണ്ടായിരുന്നു. തടവുകാർക്കുള്ള വസ്ത്രമല്ല ഷെറിൻ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു. പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാർക്ക് ജയിലിൽ നൽകുന്നത്. എന്നാൽ, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങൾ, ആയിരക്കണക്കിന് രൂപയുടെ മേക്കപ്പ് സാധനങ്ങൾ തുടങ്ങിയവ കിട്ടിയിരുന്നു. ഇതിൽ സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോൺ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാൻ ആ ഫോൺ പിടിച്ചുവാങ്ങി സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.

ഇതിനുശേഷം സൂപ്രണ്ടും ജയിൽ ഡി.ഐ.ജി. പ്രദീപും അടക്കമുള്ളവർ എന്നെ ചോദ്യംചെയ്തു. ഭീഷണിപ്പെടുത്തി. പ്രദീപ് സർ ആഴ്ചയിലൊരുദിവസമെങ്കിലും ഷെറിനെ കാണാൻവരും. വൈകീട്ടാണ് വരാറുള്ളത്. ലോക്കപ്പിൽനിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാൽ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്.

ഒരുമാസത്തിന് ശേഷം ഞാൻ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെൻകുമാറിന് ഈ വിവരങ്ങളെല്ലാം സഹിതം പരാതി നൽകി. എന്നാൽ, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്നരീതിയിൽ ഞാൻ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങൾ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവർച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവർക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാൽ, ഒരുവർഷത്തിനുള്ളിൽ തന്നെ ഷെറിന് പരോൾ നൽകിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങൾ നൽകിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെൻകുമാർ സ്ഥലംമാറ്റി.

പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു. ഞാൻ വീണ്ടും വിവരാവകാശ നിയമപ്രകാരം കാര്യങ്ങൾ തിരക്കിയപ്പോൾ ഷെറിനെ അട്ടക്കുളങ്ങരയിൽനിന്ന് വിയ്യൂരിലേക്ക് മാറ്റി. ജയിലിൽ പെരുമാറ്റദൂഷ്യമൊന്നും കാണിക്കാത്തവർക്കാണ് പരോളിന് പരിഗണനയുള്ളത്. 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന അഞ്ചോ ആറോ സ്ത്രീതടവുകാരുണ്ട്. അതിൽ കണ്ണിന് കാഴ്ചയില്ലാത്തവർ വരെയുണ്ട്. അവർക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിൻ ഇറങ്ങുന്നതിൽ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വർഷമായി ജയിലിൽ കിടക്കുന്നവരും ഉണ്ട്. അവർക്കും ഇളവ് ലഭിക്കണം''.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img